കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലുവയൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ നിന്നും വൈക്കത്തേക്ക് മഹാത്മജിയുടെ ഛായാചിത്രം വഹിച്ചുകൊണ്ട് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു.
ദുരാചാരങ്ങൾക്കെതിരെ തീണ്ടലിനെതിരെ തൊട്ടുകൂടായ്മക്കെതിരെ നടത്തിയ ഐതിഹാസിക സമരത്തിന്റെ സ്മരണ പുതുക്കുന്നതിന് വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി വർഷത്തിൽ ചരിത്ര പ്രധാന നഗരമായ വൈക്കത്ത് പൊതുജനങ്ങളും കോൺഗ്രസും ഒരുമിക്കുകയാണ്.
കീഴ്ജാതിയിൽ പെട്ടവർക്ക് വൈക്കം ക്ഷേത്രത്തിൻറെ പരിസരത്തുള്ള വഴികളിലൂടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ ടി കെ മാധവന്റെ നേതൃത്വത്തിൽ തുടങ്ങിയ സമരം മഹാത്മാഗാന്ധിയെ വൈക്കം നഗരത്തിൽ എത്തിച്ചു. ഒടുവിൽ തിരുവിതാംകൂർ ഭരണകർത്താക്കൾ സത്യാഗ്രഹസമരത്തിന് മുന്നിൽ മുട്ടുകുത്തുകയും വഴികളിലൂടെ ജാതിഭേദമന്യേ എല്ലാവർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
പിന്നീട് ഐതിഹാസികമായ ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ചത് ഗാന്ധിജിയുടെ അനുഗ്രഹത്തോടെ കൂടി കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വൈക്കം സത്യാഗ്രഹ സമരത്തിൻറ ഫലമായിരുന്നു