കേരളത്തിലെ ആശ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയെ നേരിൽകണ്ട് ആവശ്യപ്പെട്ടു.കേരളത്തിൽ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ജോലി ചെയ്യുന്ന ഇരുപത്തേഴായിരത്തോളം ആശ വർക്കർമാർക്ക് കഴിഞ്ഞ നാലുമാസത്തിലേറെയായി ഓണറേറിയം മുടങ്ങി കിടക്കുകയാണ്.കോവിഡ് ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെ ആശ വർക്കർമാർ ചെയ്ത വേറിട്ട സേവനങ്ങൾ ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അക്കാലയളവിൽ സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ ഓരോ വീടും സന്ദർശിച്ച് പ്രായമായവർക്കും, കോവിഡ് രോഗികൾക്കും ഉൾപ്പെടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മരുന്നുകൾ എത്തിച്ചിരുന്നത് ആശ വർക്കർമാരാണ്. ആയിരം പേർക്ക് ഒരു ആശ വർക്കർ എന്നാണ് ഔദ്യോഗിക കണക്കെങ്കിലും കേരളത്തിൽ ചുരുങ്ങിയത് രണ്ട് വാർഡിന്റെ ചുമതല പലപ്പോഴും വഹിക്കേണ്ടി വരാറുണ്ട്. ഇത്തരത്തിൽ കഠിനാധ്വാനം ചെയ്യുന്ന കേരളത്തിലെ ആശാവർക്കർമാരുടെ പ്രതിഫലം പ്രതിമാസം 6000 രൂപ മാത്രമാണ്. പ്രത്യേക രെജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവദിച്ചിട്ടുള്ളത് പ്രതിമാസം 2000 മുതൽ 3000 രൂപയും, കോവിഡ് കാലത്ത് അനുവദിച്ച സ്പെഷ്യൽ അലവൻസ് തുകയായ 1000 രൂപയുമടക്കം ആകെ ലഭിക്കുന്നത് പതിനായിരം രൂപയാണ്.ഇതിൽ കോവിഡ് സ്പെഷ്യൽ അലവൻസായ ആയിരം രൂപ ഇപ്പോൾ നിർത്തലാക്കി. ദിവസേന നിരവധി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ആശ വർക്കർമാർക്ക് വാഹന സൗകര്യമോ, യാത്രാപ്പടിയോ, മൊബൈൽ ഫോണോ, റീചാർജ് അലവൻസുകളോ ഒന്നും തന്നെ ലഭിക്കുന്നില്ല. അതിനാൽ ഇവർക്ക് ശമ്പള സ്കെയിൽ ഏർപ്പെടുത്തി കൂടുതൽ അലവൻസുകൾ അനുവദിക്കുന്നതിനും ഇടക്കാലാശ്വാസമായി ഓണറേറിയം ഇരട്ടിയാക്കി മുടങ്ങിയ തുക ഉടൻ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *