റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ആലുവ, അങ്കമാലി, ചാലക്കുടി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലെയും, ഇടുക്കി ജില്ലയിലെയും യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന ആലുവ റയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറ് ഭാഗത്ത് കവാടം നിർമ്മിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം.
ആലുവ റയിൽവേ സ്റ്റേഷനിൽ നിന്നും കെ എസ് ആർ ടി സി ബസുകളിലും സ്വകാര്യ ബസുകളിലും യാത്ര തുടരേണ്ട യാത്രക്കാർക്ക് പടിഞ്ഞാറ് ഭാഗത്ത് കവാടം ഇല്ലാത്തതിനാൽ ലഗേജുകളുമായി വളരെ ദൂരം നടക്കേണ്ടി വരുന്നത് കടുത്ത അസൗകര്യമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രിയെ ധരിപ്പിച്ചു.
കൂടാതെ എറണാകുളം, സൗത്ത്, നോർത്ത് സ്റ്റേഷനുകൾക്ക് പിന്നാലെ ഏറ്റവും തിരക്കനുഭവപ്പെടുന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ പല ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തത് യാത്രക്കാർക്ക് വളരെ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളായ തിരുവനന്തപുരം ചെന്നൈ ട്രിവാൻഡ്രം എക്സ്പ്രസ്സ്നും, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്നും ആലുവയിൽ അടിയന്തിരമായി സ്റ്റോപ്പനുവദിക്കണമെന്നും, റയിൽവേ പ്ലാറ്റ് ഫോമിനോട് ചേർന്ന് ലവൽ ക്രോസ്സ് നിലനിൽക്കുന്ന അപൂർവ്വം റയിൽവേ സ്റ്റേഷനുകളിലൊന്നായ അങ്കമാലി റയിൽവേ സ്റ്റേഷനിലെ ചമ്പന്നൂർ ലവൽ ക്രോസിന് പകരമായി റയിൽവേ മേൽപ്പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിയെ അറിയിച്ചു.
കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കാലടി, മലയാറ്റൂർ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാർ ആശ്രയിക്കുന്ന അങ്കമാലി റെയിൽവേ സ്റ്റേഷനിൽ, പാലരുവി എക്സ്പ്രസ്സ്, ധൻബാദ് എക്സ്പ്രസ്സ്, ഏറനാട് എക്സ്പ്രസ്സ്, രാജ്യറാണി എക്സ്പ്രസ്സ്, അമൃത എക്സ്പ്രസ്സ്, നേത്രാവതി എക്സ്പ്രസ്സ് ഇനീ ട്രെയിനുകൾക്ക് അടിയന്തിരമായി സ്റ്റോപ്പനുവദിക്കണമെന്നും ചാലക്കുടി റയിൽവേ സ്റ്റേഷനിൽ അപകടാവസ്ഥയിലുള്ള ഫുട് ഓവർബ്രിഡ്ജ്ജ് അടിയന്തിരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉപയോഗയോഗ്യമാക്കണമെന്നുള്ള ആവശ്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.ഒപ്പം ചാലക്കുടി റയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്പ്രസ്സ്, ധൻബാദ് സ്പ്രസ്സ്, അമൃത എക്സ്പ്രസ്സ്, നേത്രാവതി എക്സ്പ്രസ്സ്, ചെന്നൈ മെയിൽ എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കേണ്ടതിന്റെ ആവശ്യകതയും ധരിപ്പിച്ചു.
ചിരകാല സ്വപ്നമായ അങ്കമാലി ശബരി റയിൽവേ പദ്ധതിയുടെ മരവിപ്പിച്ച ഉത്തരവ് അടിയന്തിരമായി പിൻവലിച്ച് സ്ഥലമേറ്റെടുപ്പ് നടപടികൾ പുനരാരംഭിക്കുന്നതിനും ശബരി പദ്ധതി അടിയന്തിരമായി പൂർത്തിയാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോടാവശ്യപ്പെട്ടിട്ടുണ്ട്.