പി. എഫ് തുക കിട്ടാത്തതിനെ തുടർന്ന് കൊച്ചിയിലെ ഇ പി എഫ് റീജണൽ ഓഫീസിലെ ശുചിമറിയിൽ കയറി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത തൃശ്ശൂർ പേരാമ്പ്ര സ്വദേശി ശിവരാമന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിനെ നേരിൽകണ്ട് നിവേദനം നൽകി. ആധാർ രേഖയിലെ ജനനത്തീയതി പിഴവ് ചൂണ്ടിക്കാട്ടിയാണ് തനിക്ക് പ്രൊവിഡന്റ് തുക നിഷേധിച്ചതെന്നാണ് ശിവരാമൻ തന്റെ ആത്മഹത്യ കുറുപ്പിൽ പറഞ്ഞിട്ടുള്ളത്. പി എഫ് ആനുകൂല്യത്തിനായി ശിവരാമന്റെ അപേക്ഷ നിലവിലില്ലെന്ന വാദമാണ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഉന്നയിച്ചത്. ഒമ്പത് വർഷം മുമ്പ് അപ്പോളോ ടയേഴ്‌സിൽ നിന്ന് വിരമിച്ച തൊഴിലാളിയാണ് ശിവരാമൻ. വിരമിച്ച ശേഷം കൊച്ചി കലൂരിലുള്ള ഇപിഎഫ് ഓഫീസിൽ പ്രൊവിഡൻ്റ് ഫണ്ടുമായി (പിഎഫ്) ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചു. എന്നാൽ ജീവനക്കാരുടെ പലതരത്തിലുള്ള അനാസ്ഥ കാരണം പി എഫ് തുക ലഭിച്ചില്ല. ഒരു കാൻസർ രോഗി കൂടിയായ ശിവരാമന് അതുകൊണ്ടുതന്നെ ചികിത്സാ ചെലവുകൾക്കടക്കം സാമ്പത്തിക ഞെരുക്കമുണ്ടായി. ഈ കാര്യങ്ങളെല്ലാം ഉന്നയിച്ച് പതിവായി ഇപിഎഫ് ഓഫീസുമായി ബന്ധപ്പെട്ട ശിവരാമന് അനുകൂലമായ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഇതിൽ മനം നൊന്താണു ശിവരാമൻ ആത്മഹത്യ ചെയ്തത്. കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേ വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ലോക് സഭയിൽ അടിയന്തിര പ്രമേയ നോട്ടീസും നൽകിയിരുന്നു