ഒപ്പമുണ്ട് എം പി പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ എല്ലാ ബ്ലോക്ക് റിസോഴ്സ് സെന്ററുകൾക്കും കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും വിതരണം ചെയ്തു. അങ്കമാലി എം പി ഓഫീസിൽ നടന്ന ചടങ്ങിൽ രാജ്യസഭാ എം പി ജെബി മേത്തർ കമ്പ്യൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചാലക്കുടി ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന 11 ബ്ലോക്ക് റിസോഴ്സ് സെന്ററുകൾക്കും (ബി ആർ സി) കുന്നത്തുനാട് വികലാംഗ സൊസൈറ്റിക്കുമാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. ഓട്ടിസം, സെറിബ്രൽ പാൾസി, കേൾവി തകരാറുകൾ, മറ്റു വൈകല്യങ്ങൾ എന്നിവയുള്ള കുട്ടികൾക്ക് ദൈനം ദിന ജീവിതം നയിക്കുന്നതിന് വിവിധ തരത്തിലുള്ള പരിശീലനങ്ങളും, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി മുതലായവയും ചെയ്യുന്നതിന് ബ്ലോക്ക് റിസോഴ്സ് സെന്ററുകളോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള സ്പെഷ്യൽ ട്രെയിനിങ് സെന്ററുകളുടെ അപര്യാപ്തതകൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും വിതരണം ചെയ്യുന്നത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, നഗരസഭാ ചെയർമാന്മാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ , പഞ്ചായത്ത് പ്രസിഡന്റുമാർ ,മറ്റു ജനപ്രതിനിധികൾ, BRC അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.












