ഒരു നാടിൻറെ മുത്തച്ഛൻ
പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ 1950 മുതൽ റേഷൻ കട നടത്തുന്ന ഞങ്ങളുടെയൊക്കെ മുത്തച്ഛൻ (വേലായുധൻ ചേട്ടൻ) സ്നേഹത്തോടെ ഈ നാട്ടുകാർ വിളിക്കുന്നത് മൂത്യോൻ എന്നാണ്. ഒരെ ലൈസൻസിയിൽ ഒരെ ആള് തന്നെ ഇത്രയും നീണ്ട വർഷക്കാലം ഇന്നും റേഷൻ കട നടത്തി പോരുന്ന പ്രിയപ്പെട്ട ഞങ്ങളുടെ മുത്തശ്ശൻ ഇന്ന് അദ്ദേഹത്തിൻറെ 104ാം ജന്മദിനം ആഘോഷിക്കുകയാണ്. ഒരുപാട് തലമുറകൾ കണ്ട അവരുടെ കൊച്ചു മക്കളെ കണ്ട് ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് കാലത്ത് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് റേഷൻ സംവിധാനം വഴി അവരുടെ പട്ടിണി മാറ്റിയ സ്നേഹത്തോടെ മാത്രം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പ്രിയപ്പെട്ട മുത്തശ്ശൻ. ദൈവത്തിൻറെ മഹത്തായ അനുഗ്രഹം ഇന്നും ആരോഗ്യത്തോടെ വളരെയേറെ ഓർമ്മശക്തിയോടെ തന്നെ അദ്ദേഹം നമുക്കിടയിൽ ജീവിക്കുന്നു. പ്രായത്തിന്റെ അവശതകൾ ഒന്നും മുഖവിലക്കെടുക്കാതെ ഇന്നും അദ്ദേഹം ആ റേഷൻ കടയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഒരു നാടിനെ ആകെ സ്നേഹിച്ച ആ നാട് തിരിച്ച് അങ്ങോട്ടും സ്നേഹിച്ച പ്രിയപ്പെട്ട ഞങ്ങളുടെയൊക്കെ മുത്തച്ഛന് ഒരായിരം പിറന്നാൾ ആശംസകൾ അറിയിക്കുകയാണ്. രാവിലെ അദ്ദേഹത്തെ പോയി കണ്ടു സർവ്വ ഐശ്വര്യങ്ങളും ആയുരോഗ്യസൗഖ്യങ്ങളും നേർന്നുകൊണ്ട് അദ്ദേഹത്തിന് ജന്മദിനാശംസകൾ അറിയിച്ചു. പഴയകാല ചരിത്രങ്ങൾ ഇന്നും വളരെ ഊർജ്ജസ്വലമായി അദ്ദേഹം ഞങ്ങൾക്ക് വിവരിച്ചു നൽകി. വളരെയേറെ അത്ഭുതവും അതിലേറെ സന്തോഷവും തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്. അദ്ദേഹത്തിന് ഇനിയുള്ള ജീവിതത്തിലും ഏറ്റവും സന്തോഷപ്രദമാക്കി തീർക്കട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.