കിഴക്കമ്പലം പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന കിറ്റക്സ് കമ്പനി ,ഫാക്ടറി ആക്ടിന്റെ അധ്യായം 3, 4 ,5 ,6 എന്നിവയുടെ നഗ്നമായ ലംഘനമാണ് തുടർന്നുവരുന്നത്. സ്ത്രീ തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ, ക്ഷേമം, വേതനം, തൊഴിലെടുക്കുന്ന സമയം എന്നീ നിയപ്രകാരം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ ലംഘിക്കുകയാണ് കിറ്റക്സ് മാനേജ്മെൻറ് ,പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയാണ്.സ്ത്രീ തൊഴിലാളികൾ ഭൂരിഭാഗംപേരും അതിഥി തൊഴിലാളികളാണ്,അവരിൽ തന്നെ ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നുമാണ് കൂടുതൽ സ്ത്രീ തൊഴിലാളികൾ എത്തിച്ചേരുന്നത് അവരെ അതിഭീകരമായി ചൂഷണം ചെയ്യുകയാണ് മാനേജ്മെന്റ്.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ കാലയളവിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തയ്യാറായ സ്ത്രീ അതിഥി തൊഴിലാളികളെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് അവർ കിലോ മീറ്ററുകളോളം നടന്ന് റെയിൽവേ സ്റ്റേഷനിൽ എത്തി സ്വദേശത്തേക്ക് യാത്രയാവുകയാണ് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അവർക്ക് വേതനം കൃത്യമായി നൽകിയിട്ടില്ലയെന്നും ,12 മണിക്കൂർ നിർബന്ധിതമായി ജോലിചെയ്യിപ്പിച്ചുവെന്നും,പഴകിയതും മോശം വന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ നൽകിയെന്നും,പ്രാഥമികമായ ടോയ്ലെറ്റ് സൗകര്യങ്ങൾ നൽകിയില്ലയെന്നും, മാസം 8500 രൂപ ശമ്പളം വാഗ്ദാനം ചെയ്തിട്ട് 5000 രൂപ മാത്രമേ അവർക്ക് നൽകിയിരുന്നുള്ളുവെന്നും അതിനുപോലും മുടക്കം വരുത്തിയിട്ടുണ്ടെന്നും അതിഥി തൊഴിലാളികളായ സ്ത്രീകൾക്ക് പരാതിയുള്ളതായിട്ട് മനസ്സിലാക്കാൻ സാധിച്ചു.
ഞാൻ മനുഷ്യാവകാശകമ്മീഷൻ അടക്കമുള്ള അധികാര സ്ഥാപനങ്ങളിൽ പരാതി കൊടുത്തുവെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സർക്കാർ ഈ സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ എന്നുള്ള എന്റെ ചോദ്യത്തിന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപീന്ദർ യാദവിന്റെ ഈ മറുപടി ആശാവഹമാണ്.
ഫാക്ടറീസ് ആക്ട് അനുസരിച്ച് കേരളത്തിൽ 2019 ൽ 190 പരാതികൾ ലഭിച്ചതിൽ 161 എണ്ണത്തിൽ തീർപ്പു കൽപ്പിച്ചു 52 ഫാക്റ്ററകൾ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ തൊഴിലാളികളുടെ നേരെ കിറ്റക്സ് മാനേജ്മെന്റ് നടത്തിയ അക്രമത്തെ കുറിച്ചുള്ള എന്റെ ചോദ്യത്തിന് വിശദമായ അന്വേഷണം നടത്തി മറുപടി നൽകാം എന്നും ഇന്ന് ലോക്‌സഭയിൽ നടന്ന ചോദ്യോത്തര വേളയിൽ കേന്ദ്ര തൊഴിൽ മന്ത്രി ഭൂപീന്ദർ യാദവ് പറഞ്ഞു.
തൊഴിലാളികളുടെ നേർക്ക് , പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളുടെ നേർക്ക് നടക്കുന്ന അക്രമങ്ങളെ,നിയമവിരുദ്ധ പ്രവർത്തനങ്ങളെ , ചൂഷണങ്ങളെ കൈയ്യും കെട്ടി നോക്കി നിൽക്കുമെന്ന് ഒരു മുതലാളിയും കരുതേണ്ട .