അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന് അനുമതിയായി
സിൽവർ ലൈൻ പദ്ധതി പ്രഖ്യാപിച്ചത് മൂലം അനുമതി വൈകിയ അങ്കമാലി ചമ്പന്നൂർ റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ അനുമതി നൽകി .പ്ലാറ്റ് ഫോമിന് കുറുകെ ലെവൽ ക്രോസ്സ് നിലവിലുള്ള അപൂർവ്വം റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് അങ്കമാലി. ദീർഘനേരം ലെവൽ ക്രോസ്സ് അടഞ്ഞു കിടക്കുന്നതിനാൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് കടുത്ത ഗതാഗത കുരുക്ക് അനുഭവപ്പെട്ട് വരികയാണ്.
ദിവസേന എൺപത്തഞ്ചോളം ട്രെയിനുകളാണ് ഇതുവഴി കടന്ന് പോകുന്നത്. നേരത്തെ 2019 -20 സാമ്പത്തിക വർഷം അനുമതിയായ മേൽപ്പാലം നിർമ്മാണം സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് പൂർത്തിയാകാത്തത് മൂലം മരവിപ്പിച്ചിരിക്കുകയായിരുന്നു.
സിൽവർലൈൻ പദ്ധതി ഏറ്റെടുത്തിരുന്ന കെ ആർ ഡി സി എൽ കഴിഞ്ഞ മാസം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, മേൽപ്പാലത്തിന്റെ നിർമ്മാണം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പിക്കേണ്ടതില്ല എന്ന് റെയിൽവേ തീരുമാനമെടുക്കുകയായിരുന്നു.
മേൽപ്പാലത്തിന്റെ പാളം കടന്നുപോകുന്ന ഭാഗത്തിന്റെ നിർമാണച്ചുമതല റെയിൽവേക്കും, അപ്പ്രോച് റോഡ് നിർമ്മാണ ചുമതല ആർ ബി ഡി സി കെ കേരളസർക്കാരുമായി കോസ്റ്റ് ഷെയറിങ് വ്യവസ്ഥയിലുമായിരിക്കും നിർവ്വഹിക്കുക. എന്നാൽ എറണാകുളത്തിനും, ഷൊർണൂരിനുമിടയിലുള്ള ഭാഗത്ത് മൂന്നും, നാലും ലൈനുകളായി ഇരട്ടിപ്പിക്കുന്നതിനുള്ള സർവേ പുരോഗമിച്ചു വരികയാണ്. സർവേ നടപടികൾ അടുത്തമാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ലൈനിനായുള്ള അലൈൻമെന്റ് അന്തിമമായ ശേഷം മേൽപ്പാലം നിർമ്മാണത്തിനുള്ള ജനറൽ എഗ്രിമെന്റ് ഡ്രോയിങ് ആർ ബി ഡി സികെ തയ്യാറാക്കി റെയിൽവേയുടെ അംഗീകാരം നേടിയശേഷം ആർ ബി ഡി സി കെ യ്ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാം. തൊണ്ണൂറു ശതമാനം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മേൽപ്പാലത്തിന്റെ ടെണ്ടർ നടപടികൾക്ക് റെയിൽവേ തുടക്കം കുറിക്കും