ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ദേശീയ പാതകളുടെ വികസനം സംബന്ധിച്ച വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽക്കണ്ടു. ദേശീയ പാതയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി മാർത്താണ്ഡവർമ്മ പാലങ്ങൾക്ക് സമാന്തരമായി രണ്ട് സമാന്തര പാലങ്ങൾ പുതിയതായി നിർമ്മിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് അടിയന്തിര നിർദേശം നൽകണമെന്ന് മന്ത്രിയോടാവശ്യപ്പെട്ടു.
കൊച്ചി തേനി ഗ്രീൻ ഫീൽഡ് ബൈപാസ്സിനും, അങ്കമാലി കുണ്ടന്നൂർ ഗ്രീൻ ഫീൽഡ് ബൈപാസിനും തൃപ്പൂണിത്തുറ ബൈപാസിനും വേണ്ടി മൂന്നു പതിറ്റാണ്ട് മുൻപ് ഏറ്റെടുത്ത സ്ഥലം ഉപയോഗപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി പുതിയ ഗ്രീൻ ഫീൽഡ് ബൈപാസ്സിലേക്ക് തൃപ്പൂണിത്തുറയ്ക്ക് സമീപം ഒരു സമാന്തര ബൈപാസ് നിർമ്മിക്കണമെന്നും ദേശീയ പാത 66 ൽ കയ്പ്പമംഗലം പഞ്ചായത്തിലെ മൂന്നുപീടിക ജംക്ഷനിൽ നിന്നും മൂന്നു പീടിക ബീച്ച് റോഡിലേക്ക് അടിപ്പാതനിർമ്മിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
ഒപ്പം കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി അല്ലപ്ര വളയൻചിറങ്ങര, പെരുമാനി, അറക്കപ്പടി, ഊട്ടിമറ്റം, ശാലേം, പോഞ്ഞാശ്ശേരി റോഡ്, കിഴക്കമ്പലം, അപ്പച്ചൻകവല, പഴംതോട്ടം, വടവുകോട്, പുത്തൻകുരിശ്, ചോറ്റാനിക്കര റോഡ്, കരിയാട്, നായത്തോട് തുറവുങ്കര, ഹെർബീറ്റ് റോഡ്, അന്നമനട, പൂവത്തുശ്ശേരി, നടവരമ്പ്,എരവത്തൂർ, കൊച്ചുകടവ്, കുണ്ടൂർ, കുഴൂർ റോഡ്, കൊടകര, കനകമല, പേരാമ്പ്ര റോഡ്, കുറുപ്പംപടി, വേങ്ങൂർ, പണിയേലി പോര് റോഡ്, കാലടി ആനപ്പാറ പൂതംകുറ്റി, വേങ്ങൂർ, , നായത്തോട് റോഡ് എന്നീ റോഡുകൾ വികസിപ്പിക്കണമെന്നും ആവശ്യപെട്ടു.
കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് ഫണ്ട് സ്കീമിലെ സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി ആനമല റോഡിലെ ആനക്കയം പാലം, പൊയ്യ, മാഞ്ഞാലിക്കാട് റോഡിലെ എലിച്ചിറ പാലം, കീഴില്ലം കുറിച്ചിലക്കോട് റോഡിലെ അകനാട് പാലം, പ്രളയക്കാട്, കോടനാട് റോഡിലെ മുടക്കുഴപ്പലം, എംസി റോഡിലെ തൈക്കരച്ചിറ ഡബിൾ പാലം എന്നിവ പുനർനിർമ്മിക്കണമെന്നും സമർപ്പിച്ച വിവിധ വികസന പദ്ധതികൾ പരിശോധിച്ച് മുൻഗണന നൽകി നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.