ഇന്നത്തേക്ക് 9 ദിവസമായി ബ്രഹ്മപുരത്ത് മനുഷ്യനിർമ്മിതമായ ദുരന്തത്തിന് പരിഹാരം കിട്ടാതെ കേരള സർക്കാരും , കൊച്ചിൻ കോർപ്പറേഷനും ഇരുട്ടിൽ തപ്പുകയാണ്. ഇന്ന് കളക്ട്രേറ്റിൽ രണ്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ശാശ്വതമായ പരിഹാര നിർദ്ദേശം കണ്ടെത്താൻ കഴിഞ്ഞില്ല .

ബ്രഹ്മപുരത്തു നിന്നും ഉയരുന്ന പുക എറണാകുളം ജില്ല മുഴുവൻ വ്യാപിച്ചിരിക്കുകയാണ് . മാലിന്യ കൂമ്പാരത്തിന് തീപിടിച്ചതുമായി ബന്ധപ്പെട്ട് ഇന്നേ വരെ യാതൊരു നിയമനടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

എറണാകുളം ജില്ലയുമായി ബന്ധപ്പെട്ട് ഏറ്റവും ഗുരുതരമായ ആരോഗ്യ അടിയന്തിരാവസ്ഥയാണ് ബ്രഹ്മപുരത്ത് ഉണ്ടായത്. നിർഭാഗ്യമെന്ന് പറയട്ടെ ഇന്നു ചേർന്ന യോഗത്തിലും ഇപ്പോൾ ഉണ്ടായ ദുരന്തത്തെ ഉന്മൂലനം ചെയ്യാൻ തക്ക അക്ക്ഷൻ പ്ലാൻ ഒന്നും ഉരിത്തിരിഞ്ഞു വന്നില്ല .ദുരന്തസ്ഥലത്തു നിന്നു ഇപ്പോഴും പുക ഉയരുന്ന നിരാശാജനകമായ കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.

ദുരന്ത പ്രദേശത്തിന് ചുറ്റുവട്ടത്ത് താമസിക്കുന്നവരുടെ ആരോഗ്യസ്ഥിതി വിദഗ്ദ്ധരെ ഉപയോഗിച്ച് പരിശോധിച്ച് അടിയന്തിരമായി ചെയ്യേണ്ട ആരോഗ്യ നടപടിക്രമങ്ങൾ തുടങ്ങാൻ ഇനിയും വൈകരുത്. സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ സ്ക്കൂൾ തുറക്കുന്നതും , പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ആരോഗ്യ പ്രോട്ടോക്കോൾ ആരോഗ്യ വകുപ്പ് പുറത്തിറക്കണം. ഇൻഫോ പാർക്ക് പോലെയുള്ള സ്ഥാപനങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതു വരെ വർക്ക് ഫ്രം ഹോം പോലുള്ള നടപടി സ്വീകരിക്കണം.

ബ്രഹ്മപുരം മാലിന്യ കുന്നുകളിൽ മനുഷ്യനിർമ്മിതമായ അഗ്നിബാധയെ തുടർന്ന് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ വേണ്ട സംവിധാനങ്ങൾ അടിയന്തിരമായി സർക്കാർ ഒരുക്കണം. അന്തർദ്ദേശീയ മാധ്യമങ്ങളിൽ വരെ ബ്രഹ്മപുരത്തെ അഗ്നിബാധ വളരെ പ്രാധാന്യത്തോടെ എടുക്കുമ്പോൾ കേരള സർക്കാരിൽ നിന്നും നിഷ്ക്രിയവും , നിരുത്തരവാദപരവുമായ സമീപനമാണ് ഈ നിമിഷം വരെയും ഉണ്ടായിട്ടുള്ളത്.

സർക്കാർ അടിയന്തിരമായി അലംഭാവം ഉപേക്ഷിച്ച് തീ അണക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ഇന്ന് എറണാകുളം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *