ദേശീയപാത 544 ൽ കൊരട്ടി, മുരിങ്ങൂർ, എന്നിവിടങ്ങളിലും ദേശീയപാത 66 -ൽ കൊടുങ്ങല്ലൂർ ചന്തപ്പുരയിലും മേല്പാലങ്ങൾ നിർമ്മിക്കണമെന്ന ആവശ്യവുമായി ചാലക്കുടി എം എൽ എ സനീഷ്‌കുമാർ ജോസഫുമൊത്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടു. കൊരട്ടി ജംക്ഷനിലും, മുരിങ്ങൂർ ജംക്ഷനിലും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി മേൽപ്പാലങ്ങൾ നിർമ്മിക്കണമെന്ന് ഇതിനോടകം തന്നെ നാഷണൽ ഹൈവേ അതോറിട്ടി ചെയർമാനോടാവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇപ്പോൾ അനുവദിച്ചിട്ടുള്ളത് വീതി കുറഞ്ഞ അടിപ്പാതയാണ്. കൊരട്ടി ജംക്ഷനിലെയും മുരിങ്ങൂർ ജംക്ഷനിലെയും ഗതാഗതത്തിരക്ക് കണക്കിലെടുക്കുമ്പോൾ അടിപ്പാത തികച്ചും അപര്യാപ്തമാണ്. കൊരട്ടി സെന്റ് മേരീസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് 20 ലക്ഷത്തോളം തീർത്ഥാടകരാണ് കഴിഞ്ഞ മാസം മാത്രം വന്നുപോയിട്ടുള്ളത്. കൂടാതെ തൊണ്ണൂറോളം കമ്പനികൾ പ്രവർത്തിക്കുന്ന കിൻഫ്ര വ്യവസായപാർക്കിൽ ദിവസേന നൂറുകണക്കിന് കണ്ടെയ്നർ ട്രക്കുകൾ വന്നു പോകുന്നുണ്ട്. ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്കൂളിലും, എം എ എം ഹയർ സെക്കണ്ടറി സ്കൂളിലുമായി ഏകദേശം 4800 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ദേശീയപാത 66 ലെ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിലവിൽ അനുവദിച്ചിട്ടുള്ള മേൽപ്പാലം തിരക്കേറിയ സി ഐ ഓഫീസ് ജംക്ഷൻ വരെ നീട്ടുകയാണ് ആവശ്യം. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ തീർത്ഥാടകർ, സ്‌കൂളുകൾ, വിവിധ ഓഫീസുകളിൽ എത്തുന്നവർ എന്നിവരുടെ തിരക്കനുഭവപ്പെടുന്നതിനാൽ ചന്തപ്പുര ജംക്ഷനിൽ മേൽപ്പാലം അനിവാര്യമാണ്. കൊരട്ടി, മുരിങ്ങൂർ, കൊടുങ്ങല്ലൂർ ചന്തപ്പുര എന്നീ ജംക്ഷനുകളിലെ വാഹന തിരക്കും ജനസാന്ദ്രതയും മൂലം അനുഭവപ്പെടുന്ന കടുത്ത ഗതാഗതകുരുക്ക് കണക്കിലെടുത്ത് എത്രയും വേഗം മേൽപ്പാലം നിർമ്മിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകണമെന്ന് ഇരുവരും ചേർന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *