ഇരുപത്തഞ്ചു വർഷം മുൻപ് തുടക്കമിട്ടതും ഇപ്പോൾ പണി മുടങ്ങികിടക്കുന്നതുമായ ശബരി റെയിൽവേ പദ്ധതി മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണോ യെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു.
1997 -98 റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തിയ അങ്കമാലി – ശബരി റെയിൽപ്പാതയുടെ അങ്കമാലി മുതൽ കാലടി വരെയുള്ള 8 കിലോമീറ്റർ പാതയും കാലടി റെയിൽവേ സ്റ്റേഷൻ, പെരിയാറിന് കുറുകെയുള്ള റെയിൽവേ പാലം എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു.
111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി – ശബരിപാത യാഥാർഥ്യമായാൽ ശബരിമല തീർത്ഥാടകർക്ക് പുറമെ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ, ഭരണങ്ങാനം എന്നിവിടങ്ങളിലേക്കും എളുപ്പം എത്തിച്ചേരാനാകും. കൂടാതെ കേരളത്തിന് പുതിയ റെയിൽപാത തുറന്ന് കിട്ടുകയും ഭാവിയിൽ കൊല്ലം -ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുവാനും കഴിയും.
നിലവിൽ റെയിൽവേ ലൈൻ കടന്നു പോകാത്ത ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങൾക്കും പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, കാഞ്ഞിരപ്പിള്ളി, എരുമേലി മുതലായ പ്രദേശങ്ങളിലെ വ്യാപാര കാർഷിക മേഖലകൾക്കും പദ്ധതി ഏറെ പ്രയോജനപ്പെടും. പ്രധാന മന്ത്രിയുടെ പ്രഗതി പ്ലാനിൽ ഉൾപ്പെടുത്തിയ ശബരി റെയിൽവേ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി കേരള സർക്കാർ തീരുമാനം പുനഃപരിശോധിക്കുകയും ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കുവാനുള്ള സന്നദ്ധത റെയിൽവേ മന്ത്രാലയത്തെ അറിയിക്കുകയും കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന ഏജൻസിയോട് വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടതനുസരിച്ച് 3454.09 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളതുമാണ്.
ഇക്കാര്യങ്ങൾ കണക്കിലെടുത്ത് ശബരി റെയിൽവേ പദ്ധതി മരവിപ്പിച്ച റെയിൽവേ ബോർഡ് തീരുമാനം പിൻവലിച്ച് പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുനരാരംഭിക്കുന്നതിനും നടപ്പ് വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച 100 കോടി രൂപ എത്രയും വേഗം പദ്ധതിക്കായി അനുവദിക്കുവാനും നിർദേശം നൽകണമെന്ന് മന്ത്രിയോടാവശ്യപ്പെട്ടു. ആന്റോ ആന്റണി എം പി, ഡീൻ കുര്യാക്കോസ് എം പി എന്നിവരും കൂടെ ഉണ്ടായിരുന്നു.