കേരളത്തിന് അനുവദിച്ചിട്ടുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ചാലക്കുടി ലോക് സഭ മണ്ഡലത്തിലെ കൊരട്ടിയിൽ സ്ഥാപിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻഷുക്ക് മാണ്ഡവിയയെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.കൊരട്ടിയിലെ 100 ഏക്കറോളം വരുന്ന കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള സ്ഥലവും , സർക്കാർ ത്വക് രോഗാശുപത്രിയുടെ 100 ഏക്കറോളം സ്ഥലവും , പ്രവർത്തനം നിർത്തിയ മധുര കോട്ട്സ്സ് കമ്പനിയുടെ 50ഓളം ഏക്കർ എന്നിവയുൾപ്പെടെ ദേശീയ പാത 544 നോട് ചേർന്ന് കിടക്കുന്ന 250 ഏക്കർ സ്ഥലമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിർദിഷ്ട സ്ഥലത്ത് നിന്ന് മുപ്പതിനടുത്ത് കിലോമീറ്ററും, അങ്കമാലി,ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ നിന്നും 7 കിലോമീറ്ററുമാണുള്ളത്. ദേശീയ പാത, അന്താരാഷ്ട്ര വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സാമീപ്യം നിർദിഷ്ട സ്ഥലത്തിന്റെ വാണിജ്യമൂല്യം ഉയർത്തുന്നതിനൊപ്പം, ജനങ്ങൾക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള സാഹചര്യവും ഒരുക്കും.