ആലുവ, അങ്കമാലി, ചാലക്കുടി റയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ പെടുത്തി നവീകരിക്കുമെന്ന് – റെയിൽവേ ഉറപ്പുനൽകി.
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കേണ്ട റയിൽവേ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റെയിൽവേ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദക്ഷിണ റയിൽവേ മാനേജരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു.
ശബരി റയിൽവേ പദ്ധതിക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കൂട്ടണം. ആലുവ അങ്കമാലി ചാലക്കുടി സ്റ്റേഷനുകളിൽ നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പേജ് പുനഃക്രമീകരിക്കണം. ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറു ഭാഗത്ത് കെ എ എസ് ആർടി സി ബസ് സ്റ്റേഷന് സമീപം പുതിയ പ്രവേശന കവാടം നിർമ്മിക്കണമെന്ന് മീറ്റിംഗിൽ ആവശ്യപ്പെട്ടു.
കൂടാതെ ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ എസ്‌കലേറ്റർ സ്ഥാപിക്കണം. ആലുവയിൽ മൾട്ടി സ്റ്റേഷൻ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. ചൊവ്വര റയിൽവേ സ്റ്റേഷന് സമീപം പുറയാർ ലെവൽ ക്രോസ്സിനു പകരം റയിൽവേ മേൽപ്പാലം ഉടൻ നിർമ്മിക്കണം.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള യാത്രാക്കാർ കൂടുതലായി ആശ്രയിക്കുന്ന ആലുവ റയിൽവേ സ്റ്റേഷനിൽ പതിനാറോളം പ്രധാന ട്രെയിനുകൾക്കും സ്റ്റോപ്പില്ല. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കാൻ നടപടി സ്വീകരിക്കണം കൂടാതെ അടിയന്തിരമായി ട്രിവാൻഡ്രം എക്സ്പ്രസ്സിനും, കണ്ണൂർ ജനശതാബ്ദിക്കും ആലുവയിൽ സ്റ്റോപ്പനുവദിക്കണം. പ്ലാറ്റ്ഫോമിന് കുറുകെ ലെവൽ ക്രോസ്സ് നിലനിൽക്കുന്നതിനാൽ കടുത്ത ഗതാഗതക്കുരുക്കനുഭവപ്പെടുന്ന അങ്കമാലി റയിൽവേസ്റ്റേഷനിൽ റയിൽവേ മേൽപ്പാലം ഉടൻ നിർമ്മിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണം.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കാലടി – മലയാറ്റൂർ തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ അങ്കമാലി റെയിൽവേസ്റ്റേഷനെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ പാലരുവി എക്സ്പ്രസ്, ധൻബാദ് എക്സ്പ്രസ്സ്, ഏറനാട് എക്സ്പ്രസ്സ്, രാജ്യറാണി എക്സ്പ്രസ്സ്, അമൃത എക്സ്പ്രസ്സ്,നേത്രാവതി എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് അങ്കമാലിയിൽ സ്റ്റോപ്പനുവദിക്കണം.
ചാലക്കുടി റെയിൽവെസ്റ്റേഷനിൽ പാലരുവി എക്സ്പ്രസ്സ്, ധൻബാദ് എക്സ്പ്രസ്സ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്സ്, കൊച്ചുവേളി മംഗലാപുരം എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കണം. മുരിങ്ങൂർ ധ്യാനകേന്ദ്രം റെയിൽവേക്ക് പണം ഡെപ്പോസിറ്റ് നൽകി നിർമിക്കുകയും ധ്യാനകേന്ദ്രത്തിന്റെ ചിലവിൽ പരിപാലിച്ചു വരികയും ചെയ്തു വരുന്ന മുരിങ്ങൂർ ഡിവൈൻ സ്റ്റേഷനിൽ ലോക്ഡൗണിനു ശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോൾ മുൻപ് സ്റ്റോപ്പുണ്ടായിരുന്ന പല ട്രെയിനുകളുടെയും സ്റ്റോപ്പുകൾ എടുത്ത് കളഞ്ഞിരിക്കുകയാണ്. മുരിങ്ങൂർ ഡിവൈൻ സ്റ്റേഷനിൽ മുൻപ് സ്റ്റോപ്പുണ്ടായിരുന്ന നാഗർകോവിൽ – മംഗലാപുരം എക്സ്പ്രസ്സ് , ഷൊർണൂർ -തിരുവനന്തപുരം എക്സ്പ്രസ്സ് , ചെന്നൈ -ആലപ്പുഴ എക്സ്പ്രസ്സ്, നിലമ്പൂർ -കോട്ടയം പാസഞ്ചർ എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം.
ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളിൽ പൂർണ്ണമായും മേൽക്കൂര സ്ഥാപിക്കുക, ചാലക്കുടി റെയിൽവെസ്റ്റേഷനിൽ തകർന്ന നിലയിലുള്ള ഫൂട്ട് ഓവർബ്രിഡ്ജ് പുതുക്കിപ്പണിയുക എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതും, മേൽപ്പാലങ്ങൾ, എന്നിവ ഉൾപ്പെടെയുള്ള വികസനാവശ്യങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് യോഗത്തിൽ റെയിൽവേ ഉറപ്പ് നൽകി.
കൂടാതെ ആലുവ, അങ്കമാലി, ചാലക്കുടി റയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് റെയിൽവേ ഉറപ്പ്നൽകി.