ആലുവ അത്താണി, സെമിനാരിപ്പടി എന്നീ പ്രദേശങ്ങളിൽ ദേശീയപാതയിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കൾവേർട്ടുകൾ നിർമ്മിക്കുന്നതിന് നാഷണൽ ഹൈവേ അതോറിട്ടി ഡൽഹി ഓഫീസിൽ നിന്നും അനുമതിയായതായി.അത്താണി കല്പക നഗർ ഭാഗത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഹൈവേ ക്രോസ്സ് ചെയ്ത് വീതി കൂട്ടി കാന നിർമ്മിക്കുന്നതിനും, സെമിനാരിപ്പടി ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും മാസങ്ങൾക്ക് മുൻപ് അൻവർ സാദത്ത് എം എൽ എ, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്കൊപ്പം സ്ഥലം സന്ദർശിച്ച ശേഷം പ്രോജക്ട് ഡയറക്ടർക്ക് നിർദേശം കൊടുത്തിരുന്നു.അത്താണി ഭാഗത്ത് ഒരു അഡീഷണൽ ബോക്സ് കൾവേർട്ടും, ഒരു ബോക്സ് കൾവേർട്ടും, സെമിനാരിപ്പടി ഭാഗത്ത് ആർ സി സി ബോക്സ് കൾവെർട്ടുമായിരിക്കും നിർമ്മിക്കുക. നിർമ്മാണ പ്രവർത്തനങ്ങളുടെ ടെണ്ടർ നടപടികൾ ഈ മാസം തന്നെ ആരംഭിച്ച് ഓഗസ്റ്റിൽ പൂർത്തിയാക്കി സെപ്റ്റംബർ മാസത്തോടെ നിർമ്മാണം ആരംഭിക്കുമെന്നും അടുത്ത വർഷം ആദ്യം പണി പൂർത്തിയാക്കുമെന്നും നാഷണൽ ഹൈവെ അതോറിട്ടി, പാലക്കാട് പ്രോജക്ട് ഡയറക്ടർ അറിയിച്ചു
