അങ്കമാലി- എരുമേലി ശബരി റെയിൽ പാത പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കണമെന്ന് ഇന്ന് ലോക്സഭയുടെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. 111 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട അങ്കമാലി ശബരി റെയിൽപാത അങ്കമാലി- എരുമേലി പത്തനംതിട്ട -പുനലൂർ തിരുവനന്തപുരം സമാന്തര റെയിൽപാതയുടെ ഒന്നാം ഘട്ടമാണ്. അങ്കമാലി- എരുമേലി റെയിൽ പാത ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയെയും മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കാലടി, ഭരണങ്ങാനം പള്ളി മത സാഹോദര്യത്തിന്റെ ഭാഗമായ എരുമേലി എന്നിവയെ ബന്ധിപ്പിക്കും. കൂടാതെ എറണാകുളം, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ പ്രധാന വ്യവസായ വാണിജ്യ കേന്ദ്രങ്ങളുടെ വികസനത്തിനും ഇടുക്കി ജില്ലയെ റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനും ഉപകരിക്കുന്നതാണ്.ഈ പദ്ധതി മുൻപ് പ്രധാനമന്ത്രിയുടെ പ്രകൃതി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കേരള സർക്കാർ പകുതി ചെലവ് വഹിക്കുന്നതിൽ തീരുമാനം കേന്ദ്രസർക്കാരിനെ അറിയിക്കാത്തതിനാൽ പദ്ധതി മുടങ്ങിയിരിക്കുകയായിരുന്നു. നിലവിൽ കിഫ്‌ബിയിൽ ഉൾപ്പെടുത്തി പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഓടിക്കാവുന്ന ഗതിശക്തി പദ്ധതിയിൽ ശബരി റെയിൽവേയേയും ഉൾപ്പെടുത്തി പുതുക്കിയ 3744 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *