കേരളത്തിലെ സമുദ്രതീര സംരക്ഷണത്തിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി ഭുപേന്ദ്രർ യാദവിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. മുപ്പത്തിമൂന്നു ദശ ലക്ഷത്തോളം വരുന്ന കേരള ജനസംഖ്യയുടെ 80 ശതമാനവും അധിവസിക്കുന്നത് കേരളത്തിലെ 590 കിലോമീറ്റർ ദൈർഘ്യമുള്ള സമുദ്ര തീരങ്ങളിലാണ്. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസേർച്ച് നടത്തിയ പഠനത്തിൽ കേരള തീരങ്ങളിൽ 31 ശതമാനം തീരം മാത്രം മാറ്റമില്ലാതെ തുടരുമ്പോൾ 46 ശതമാനം തീരം കടലെടുക്കലിനും 23 ശതമാനം തീരം വിസ്തൃതമാക്കലിനും വിധേയമായിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ തീരം 50 ശതമാനത്തിന് മുകളിൽ തീര ശോഷണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. കൊല്ലം, മലപ്പുറം ജില്ലകളിലെ തീര ശോഷണം 50 ശതമാനത്തിനടുത്താണ്. കഴിഞ്ഞ 10 വർഷക്കാലയളവിൽ കേരളത്തിലെ തീര ശോഷണം ക്രമാനുഗതമായി വർധിച്ചു വരുന്ന സ്ഥിതിവിശേഷമാണ്. ഇത്തരത്തിൽ തീര ശോഷണം സംഭവിക്കുന്നത് തീരപ്രദേശത്ത് വസിക്കുന്ന ജനങ്ങളുടെ ജീവനോപാധികളെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരള സർക്കാരിന് 590 കിലോമീറ്റർ ദൈർഘ്യമുള്ള കേരള സമുദ്ര തീര സംരക്ഷണം പൂർണ്ണമായി ഏറ്റെടുക്കുവാൻ വളരെയേറെ പരിമിതിയുണ്ട്.

അതിനാൽ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നും കേരള സമുദ്ര തീര സംരക്ഷണത്തിന് മതിയായ തുകയനുവദിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കൂടാതെ കേരള സമുദ്ര തീരം പല വിധത്തിലുള്ള നിയമ വിരുദ്ധ അധിനിവേശത്തിനും, കള്ളക്കടത്തിനും വഴിതെളിച്ച് ദേശീയ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും കേരള സമുദ്രതീരത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയും, ദേശീയ സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പാക്കി സമഗ്രമായ ഒരു തീര സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ കേന്ദ്ര സർക്കാർ ധനസഹായം കേരളത്തിന് ലഭ്യമാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രിയോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *