പാർലമെന്റ് നടപടികൾ കവർ ചെയ്യുന്നതിൽ നിന്ന് പ്രാദേശിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടി പിൻവലിക്കണമെന്ന് ഇന്ന് സഭയിൽ ആവശ്യപ്പെട്ടു.കേരളത്തിൽ നിന്നടക്കമുള്ള കൂടുതൽ ദക്ഷിണേന്ത്യൻ മാധ്യമങ്ങളെ പാർലമെന്റ് നടപടികൾ റിപ്പോർട്ടു ചെയ്യാൻ അനുവദിക്കണം. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശൻ, സൻസദ് ടിവി എന്നിവയ്ക്കും വാർത്താ ഏജൻസികൾക്കും മാത്രമാണ് ദിവസേന നടപടികൾ റിപ്പോർട്ടു ചെയ്യാൻ അനുമതി നൽകുന്നത്. അതിനു പുറമേ നറുക്കെടുപ്പിലൂടെ 21 പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾക്കുമാത്രമാണ് പ്രവേശനാനുമതി നൽകുന്നത്. ഇതിൽ പ്രാദേശിക ഭാഷാ മാധ്യമങ്ങളിൽ പ്രത്യേകിച്ചും കേരളത്തിൽ നിന്നും മറ്റുമുള്ളവയിലെ മാധ്യമങ്ങളിൽ നിന്ന് ആകെ 2 പേർക്കു മാത്രമാണ് ഇതുവരെ അവസരം ലഭിച്ചത്. പാർലമെന്റിന്റെ നടപടികളും പാർലമെന്റ് അംഗങ്ങളുടെ നടപടികളും കൂടുതൽ ഉത്തരവാദിത്തത്തോടെ നിർവഹിക്കാൻ മാധ്യമങ്ങളുടെ സാന്നിധ്യം നിർണായകമാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം കുറച്ചു സമയത്തേക്ക് ഏർപ്പെടുത്തേണ്ടതാണ് നിയന്ത്രണങ്ങൾ. ഈ രീതിയിലുള്ള നിയന്ത്രണങ്ങൾ അന്യായമാണെന്നും ദക്ഷിണേന്ത്യയിൽനിന്നുള്ള മാധ്യമങ്ങൾക്കും അനുമതി നൽകണമെന്ന് ശക്തമായ രീതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.