കേരളത്തിന്റെ ഭാവി ജലസുരക്ഷ ഉറപ്പ് വരുത്തുവാൻ നദികളുടെ സംരക്ഷണവും പുനരുജ്ജീവവും കാര്യക്ഷമമായ രീതിയിൽ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും അതിനായി കേരളത്തിലെ പുഴകൾക്ക് റിവർ ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഇന്ന് ലോക്സഭയുടെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.
നേരത്തെ ജലസമൃദ്ധമായിരുന്ന കേരളം ഇന്ന് വർഷത്തിൽ രണ്ട് മുതൽ ആറ് മാസം വരെ ജലക്ഷാമം അനുഭവിക്കുന്ന സംസ്ഥാനമായി മാറി . കേരളത്തിൽ പ്രതിവർഷം ഉപയോഗയോഗ്യമായ ജലലഭ്യത 48000 ദശലക്ഷം ഘനമീറ്റർ മാത്രമാണ്. മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിശീർഷ വാർഷിക ജല ആവശ്യകത 1800 ഘനമീറ്റർ ആയിരിക്കെ, കേരളത്തിൽ പ്രതിശീർഷ വാർഷിക ജലലഭ്യത 1350 ഘനമീറ്റർ മാത്രമാണ്.സംസ്ഥാനത്തിന്റെ ജല ആവശ്യകതയിൽ 80 ശതമാനവും ലഭ്യമാക്കുന്ന പുഴകളുടെ നാശം കേരളം നേരിടുന്ന ജലക്ഷാമത്തിന് പ്രധാന കാരണമായി.ഒപ്പം കാലാവസ്ഥാ പ്രതിസന്ധി മൂലം ഇപ്പോൾ സംസ്ഥാനം വലിയ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.. ഈ പശ്ചാത്തലത്തിൽ മണ്ഡലത്തിലെ ചാലക്കുടിപ്പുഴ,പെരിയാർ ഉൾപ്പെടെയുള്ള കേരളത്തിലെ പുഴകളുടെ പുനരുജ്ജീവനത്തിനായി റിവർ ആക്ഷൻ പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കുവാൻ പ്രത്യേക പാക്കേജ് കേന്ദ്ര സർക്കാർ നടപ്പിലാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.