ആതിരപ്പള്ളിയിൽ ആഗ്മിയ എന്ന അഞ്ചുവയസ്സുകാരി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ധനസഹായം പ്രഖ്യാപിക്കണമെന്ന് ഇന്ന് ലോക്സഭയിൽ ശക്തമായി ആവശ്യപ്പെട്ടു. സംഭവം തീർത്തും നിർഭാഗ്യകരമാണ്. കാട്ടാനയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും പരിക്കുകളോടെ അതി സാഹസികമായാണ് രക്ഷപ്പെട്ടത്. മനുഷ്യജീവനും, സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗശല്യം കേരളത്തിൽ ദിനംപ്രതി വർധിച്ചുവരികയാണ്. ആതിരപ്പള്ളിയിൽ തന്നെ വന്യമൃഗങ്ങൾ കാരണം സമീപകാലത്ത് ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാരങ്ങളിലൊന്നായ ആതിരപ്പള്ളി ഒരു ആദിവാസി മേഖല കൂടിയാണ്. ആദിവാസികളടങ്ങുന്ന പ്രദേശവാസികളും അവിടെ എത്തുന്ന വിനോദസഞ്ചാരികളും വന്യമൃഗശല്യം കാരണം ബുദ്ധിമുട്ടുകയാണ്. പ്രദേശത്തെ ജനങ്ങളുടെയും,യാത്രക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും , മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് കേന്ദ്ര വനം വകുപ്പിന്റെതടക്കമുള്ള സാമ്പത്തിക സഹായം നൽകണമെന്നും സഭയിൽ ആവശ്യപ്പെട്ടതിനോടൊപ്പം, ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള വന്യമൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംരക്ഷണ കിടങ്ങുകൾ നിർമ്മിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.