ഇന്നലെ ലോക് സഭയിൽ ബഡ്ജറ്റിന്റെ മറുപടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കാൻ അവസരം ലഭിച്ചു.
രാജ്യത്തിന്റെ അടിസ്ഥാന ഘടനയെയും സാമ്പത്തിക ഭദ്രതയെയും കേന്ദ്ര സർക്കാർ തകർക്കുകയാണ്.അതാണ് ധനമന്ത്രിയുടെ ബഡ്ജറ്റ്ലൂടെ നമ്മൾ കണ്ടത്. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ശക്തമായ ഭാഷയിൽ എതിർത്തുകൊണ്ടാണ് ഇന്നലെ പാർലമെന്റിൽ പ്രസംഗം ആരംഭിച്ചത്.ചരിത്രപരമായ മണ്ടത്തരങ്ങൾ പറയുന്നതിൽ നിന്നും മോദി പിന്മാറണം.നമ്മുടെ പ്രധാനമന്ത്രി ചരിത്രം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ ഹിന്ദുത്വ പ്രസ്ഥാനങ്ങൾ രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നത് മോദി കാണുന്നില്ല. അത് അറിയാതെയാണ് മോദി കോൺഗ്രസിന് കുറ്റപ്പെടുത്തുന്നത്. ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കോൺഗ്രസ് പാർട്ടി നിലകൊണ്ടിട്ടുള്ളത്.ഈ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ബ്രിട്ടീഷ് ആശയത്തെ ആർഎസ്എസും ഗോൾവാൾക്കറും പിന്തുണച്ചു.ക്വിറ്റ് ഇന്ത്യ സമരത്തെ പോലും ഒറ്റുകൊടുത്ത കൂട്ടത്തിൽ പെട്ട മതമൗലികവാദിയായ ബിജെപി കാരാണ് ഇപ്പോൾ നമ്മെ രാജ്യസ്നേഹം പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് വിരോധാഭാസമാണ്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് കടന്നുപോകുന്നത് .അതൊകൊണ്ട് തന്നെ ബഡ്ജറ്റിനെ രാജ്യത്തെ ജനങ്ങൾ ഉറ്റു നോക്കിയിരുന്നു .എന്നാൽ ബഡ്ജറ്റ് തീർത്തും നിരാശാജനകമായിരുന്നു.
നമ്മുടെ സാമ്പത്തിക ഭദ്രതയുടെയും ദശലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതത്തിന്റെയും അടിത്തറ തന്നെ നോട്ട് നിരോധനത്തിലൂടെ ഇതിനകം ഈ സർക്കാർ തകർത്തുകഴിഞ്ഞു. മാത്രമല്ല, കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് ഒരു വിനാശകരമായ ഇടിമിന്നൽ പോലെ രാജ്യത്തെ പ്രതിസന്ധിയെ രൂക്ഷമാക്കി. ഇതെല്ലാം സമ്പദ്വ്യവസ്ഥയുടെ ഏറ്റവും മോശം വളർച്ചാ നിരക്കിലാണ് കലാശിച്ചതെന്ന് സർക്കാർ പുറത്തുവിട്ട സാമ്പത്തിക സർവേയിൽ നിന്ന് തന്നെ വ്യക്തമാണ് . ഈ സാഹചര്യത്തിൽ, നമ്മുടെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള കേന്ദ്രീകൃത നിർദ്ദേശങ്ങളൊന്നും ബഡ്ജറ്റിൽ കണ്ടില്ലന്നും ,25 വർഷത്തിലേക്കുള്ള ദീർഘ വീക്ഷണവും , വികസനമാണ് ലക്ഷ്യം വാക്കുന്നതെന്ന് മന്ത്രി പറയുമ്പോഴും സാധാരണക്കാരന്റെ പ്രശ്നങ്ങളിലേക്ക് ബഡ്ജറ്റ് കടന്നില്ല എന്നുള്ളതും വ്യക്തമാണ്.
ഡിജിറ്റൽ ബജറ്റെന്നാണ് സർക്കാർ ഈ ബഡ്ജറ്റിനെ വിശേഷിപ്പിച്ചത്. നോട്ട് നിരോധന സമയത്ത് പേ-ടിഎം പോലുള്ള ചൈനീസ് കമ്പനികൾ വൻ ലാഭം നേടിയിരുന്നു. അതുപോലെ ഇവിടെ ആഘോഷിക്കപ്പെടുന്ന ഈ ഡിജിറ്റൽ ബജറ്റ് മോദി സർക്കാർ വളർത്തിയെടുത്ത ആഗോള ബഹുരാഷ്ട്ര കുത്തകകൾക്ക് പൊതുഖജനാവ് തുറന്നുകൊടുക്കാൻ മാത്രമുള്ളതാണ്.സർക്കാർ ഡിജിറ്റൽ കറൻസി രാജ്യത്തേക്ക് കടത്തി കൊണ്ട് വരുന്നതിന് തുല്യമാണിത് .റിലയൻസ് പോലുള്ള മൾട്ടി നാഷണൽ കമ്പനികൾ ബജറ്റിന് രണ്ട് മാസം മുമ്പ് തന്നെ ക്രിപ്റ്റോകറൻസിയുടെ പരസ്യം തുടങ്ങിക്കഴിഞ്ഞിരുന്നു . കുത്തകകളെയും കള്ളക്കടത്തുകാരെയും സഹായിക്കുക എന്നതാണ് സർക്കാരിന്റെ യഥാർത്ഥ ഉദ്ദേശമെന്നതിന്റെ വ്യക്തമായ തെളിവാണിത്.
എയർ ഇന്ത്യ, ഇൻഷുറൻസ് കമ്പനികൾ, ബിപിസിഎൽ തുടങ്ങിയ പൊതുമേഖലാ കമ്പനികളെ സർക്കാർ വിറ്റഴിക്കുകയും ഇന്ത്യൻ റെയിൽവേ പോലുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ കമ്പനികളെപ്പോലും വിൽക്കാനും ഈ സർക്കാർ തയ്യാറെടുക്കുന്നു .
നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായ കൃഷിമേഖലയെ ഈ ബഡ്ജറ്റ് പൂർണമായും അവഗണിച്ചതായും റബ്ബർ ,തോട്ടം മേഖലകൾക്കായി ഒന്നും ധമന്ത്രി ഈ ബജറ്റിൽ നീക്കി വച്ചിട്ടില്ല.. കേരളത്തിന്റെ സാമ്പത്തിക അടിത്തറകളിലൊന്നായ റബ്ബർ മേഖലയുടെ തകർച്ച വളരെ വിനാശകരമാണ് . ഇങ്ങനെപോയാൽ ഉത്തരേന്ത്യൻ കർഷകരുടെ ചുവടുപിടിച്ച് സമരത്തിനിറങ്ങാൻ കേരളത്തിലെ റബർ കർഷകരും നിർബന്ധിതരാകും.അത്തരത്തിൽ ഒരു സമരം പൊട്ടിപുറപ്പെട്ടാൽ ആ സമരത്തെ കോൺഗ്രസ്സ് മുന്നിൽ നിന്നും നയിക്കുമെന്നും സഭയിൽ പറഞ്ഞു.
കൊവിഡ് ബാധിച്ച് എല്ലാം നഷ്ടപ്പെട്ടവർക്ക് ഉപകാരപ്പെടാൻ ഈ ബജറ്റിൽ ഒന്നും നീക്കിവെച്ചിട്ടില്ല. ഇന്ത്യൻ റെയിൽവേയുടെ ഭൂപടത്തിൽ കേരളം ഇല്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ റെയിൽ വിഹിതത്തിൽ കേരളത്തോട് കാണിക്കുന്നത്.